Kerala
കൊച്ചി: ഹോട്ടലുകളെ അവശ്യസര്‍വീസായി പ്രഖ്യാപിച്ച് പാചകവാതകം ഹോട്ടലുകള്‍ക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളിലേക്ക് കടന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്(കെഎച്ച്ആര്‍എ).
വാണിജ്യ സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടും മുന്‍ഗണനാപട്ടികയില്‍ ഹോട്ടലുകളെ ഉള്‍പ്പെടുത്താത്തിനാല്‍ ഹോട്ടലുകള്‍ക്ക് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നില്ല.
സ്വകാര്യ കമ്പനികള്‍ അവസരം മുതലാക്കി ഗ്യാസിന് വന്‍ വിലവര്‍ധന വരുത്തിയിരിക്കുകയാണ്. ലക്ഷകണക്കിനാളുകളെ നേരിട്ട് ബാധിക്കുന്ന വിഷയമായിട്ടും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ നിസംഗത പുലര്‍ത്തുകയാണ്.
ഹോട്ടലുകളെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച എണ്ണക്കമ്പനികളുടെ ബോട്ടിലിംഗ് പ്ലാന്റിലേക്ക് മാര്‍ച്ച് നടത്തും. തുടര്‍ന്ന് 23ന് സംസ്ഥാനവ്യാപകമായി ഹോട്ടലുകള്‍ അടച്ചിട്ട് സൂചനാ പണിമുടക്ക് നടത്തുമെന്നും പ്രസിഡന്റ് ജി. ജയപാല്‍, ജനറല്‍ സെക്രട്ടറി എന്‍. അബ്ദുള്‍ റസാഖ് എന്നിവര്‍ അറിയിച്ചു.
Kerala
കൊച്ചി: വീടുകളില്‍ ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ ലഭ്യത പ്രതിസന്ധിയില്‍ നില്ക്കുന്ന സാഹചര്യത്തില്‍ ചില ലളിതമായ ശീലങ്ങള്‍ പിന്തുടരുന്നതിലൂടെ ഗ്യാസ് ഉപഭോഗം ഗണ്യമായി കുറയ്ക്കാം.
പാചകത്തില്‍ ചെറിയ ശ്രദ്ധ നല്കിയാല് മാതി. അത് ഗ്യാസ് ഉപഭോഗം കുറയ്ക്കുകയും കുടുംബച്ചെലവ് നിയന്ത്രിക്കുകയും ചെയ്യും. കീശ കാലിയാകുന്നതും തടയാം.
Kerala
കൊച്ചി: യുദ്ധം ഇന്ത്യയിലെ അടുക്കളകളെ നേരിട്ട് ബാധിച്ചിരിക്കുകയാണ്. പാചക വാതക ക്ഷാമം വന്നതോടെ വിറക് അടുപ്പിലേക്ക് മാറുകയാണ് ഇന്ന് പലരും. രാജ്യത്ത് ഹോട്ടലുകള്‍ അടച്ചു പൂട്ടലിന്റെ വക്കിലാണ്. കൊച്ചിയില്‍ നൂറിലേറെ ഹോട്ടലുകളും അടഞ്ഞു കഴിഞ്ഞു. ചിലര്‍ വിറകടുപ്പിലേക്ക് മാറിയെങ്കിലും മെനു കാര്‍ഡിന്റെ വലിപ്പം കുറഞ്ഞു.
പാചകവാതക പ്രതിസന്ധി വീടുകളെയും ബാധിച്ചിരിക്കുകയാണ്. ഇന്ധനക്ഷാമം തുടങ്ങിയതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 60 രൂപ വര്‍ധിപ്പിച്ചു. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന്റെ വില 920 രൂപയായി. ദിവസങ്ങള്‍ക്ക് മുമ്പു വരെ വീടുകളിലേക്ക് സുലഭമായി എത്തിക്കൊണ്ടിരുന്ന സിലിണ്ടര്‍ ഇപ്പോള്‍ ഗ്യാസ് തീര്‍ന്നാല്‍ ഏജന്‍സിയിലേക്ക് തന്നെ കൊണ്ടുപോയി പുതിയത് എടുക്കേണ്ട സ്ഥിതിയുമായി.
ഗ്യാസ് പെട്ടെന്ന് തീരാതിരിക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് ഇപ്പോള്‍ വീട്ടമമ്മാര്‍. വിറകടുപ്പും പുകയില്ലാത്ത അടുപ്പും റോക്കറ്റ് സ്റ്റൗവ്വുമാണ് അടുക്കളകളിലെ പുതിയ താരോദയങ്ങള്‍. ചോറും കറികളുമെല്ലാം ഈ അടുപ്പുകളില്‍ പാകം ചെയ്യാം. വിറകടുപ്പിന് മാത്രമല്ല ഇന്‍ഡക്ഷന്‍ കുക്കറിനും വെള്ളം തിളപ്പിക്കാന്‍ ഉപയോഗിക്കുന്ന കെറ്റിലിനും അടക്കം ഡിമാൻഡ് ഏറുകയാണ്. ആലുവ പുകയില്ലാത്ത അടുപ്പുകള്‍ക്കും ആവശ്യക്കാരേറെയാണ്.
പുകയില്ലാത്ത അടുപ്പുകള്‍ക്കായി കൂടുതലും ഹോട്ടലുടമകളാണ് ആവശ്യക്കാര്‍ എന്നാണ് വിഷ്ണു ഇന്‍ഡസ്ട്രീസിന്റെ പ്രതിനിധി ദീപിക ഡോട്ട്കോമിനോട് പ്രതികരിച്ചത്. തിരുവനന്തപുരം, പാലക്കാട്, കാക്കനാട്, ഏലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ആറോളം ഹോട്ടലുകള്‍ പുകയില്ലാത്ത അടുപ്പിനായി വിളിച്ചിട്ടുണ്ട്.
എന്നാല്‍ തിരക്ക് വര്‍ധിക്കുകയാണ് അതിനാല്‍ ചെയ്തു കൊടുക്കാന്‍ സമയമില്ലാതെ ഓട്ടത്തിലാണ് തങ്ങള്‍. അടുപ്പ് വച്ചു കഴിഞ്ഞാല്‍ ഒരാഴ്ച സമയം വേണം റെഡിയാകാന്‍. ഇന്ന് ചെയ്തു കഴിഞ്ഞാല്‍ നാളെ കത്തിക്കാനാകില്ല. ഗ്യാസിന് ക്ഷാമം വന്നതോടെ ഇന്ന് വച്ചിട്ട് നാളെ ഉപയോഗിക്കാന്‍ കഴിയുമോ എന്നാണ് പലരും ചോദിക്കുന്നത് എന്നാണ് വിഷ്ണു ഇന്‍ഡസ്ട്രീസ് പ്രതിനിധി പറയുന്നത്.
അടുപ്പു കൂട്ടിയാലും രാവിലെ പെട്ടെന്ന് പാചകം തീരില്ല. പുകയൂതി തളരാതിരിക്കാനും ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് വീട്ടമ്മമാര്‍. വിറകിനും ചിരട്ടയ്ക്കും ചകിരിക്കും വില കൂടിയതോടെ ഗ്യാസ് ഉപയോഗം എങ്ങനെ കുറയ്ക്കാമെന്നായി ചിന്ത. ലളിതമായ ചില ശീലങ്ങള്‍ പിന്തുടര്ന്നാല് ഗ്യാസ് ഉപയോഗം കുറയ്ക്കാനാകും. പാചക രീതിയില്‍ മാറ്റ്ങള്‍ വുത്തിയാല് ഗ്യാസും ലാഭിക്കും പോക്കറ്റ് കീറാതെയും നോക്കാം.
ചോറു വയ്ക്കാനായി അരി വേവിക്കുന്നതിന് മുമ്പ് ഒരു മണിക്കൂറെങ്കിലും കുതിര്‍ത്തു വയ്ക്കുക. അധികം ഗ്യാസ് ഉപയോഗിക്കാതെ തന്നെ അരി പെട്ടെന്ന് വേവും. അടുപ്പില്‍ വച്ചു തന്നെ മുഴുവനും വേവിക്കാതെ തിളച്ചു കഴിഞ്ഞാല്‍ റൈസ് കുക്കറിലേക്ക് മാറ്റി വയ്ക്കുകയാണെങ്കില്‍ ഒരുപാട് വാതകം ചോറുണ്ടാക്കാന്‍ ആവശ്യമില്ല.
പയര്‍, പരിപ്പ്, കടല എന്നിവ രാത്രി കിടക്കുന്നതിന് മുമ്പേ ഉപ്പ് കലര്‍ത്തിയ വെള്ളത്തില്‍ കുതിര്‍ത്തു വച്ച ശേഷം രാവിലെ പ്രഷര്‍ കുക്കറില്‍ അഞ്ചു മിനിറ്റു കൊണ്ട് വേവിച്ചെടുക്കാം. വേവിക്കാന്‍ കൂടുതലും പ്രഷര്‍ കുക്കറുകള്‍ ഉപയോഗിക്കാം. പഴം പുഴുങ്ങുന്നതിന് ഒന്നിച്ച് തന്നെ മുട്ടയും പുഴുങ്ങാം. കറി വയ്ക്കാനുള്ള ഉള്ളിയും തക്കാളിയും കുറേ നേരം എണ്ണയില്‍ വഴറ്റുന്നതിന് പകരം കുക്കറില്‍ അഞ്ചു മിനിറ്റില്‍ വേവിച്ച ശേഷം കറിയുണ്ടാക്കാം.
പാചകം ചെയ്യുമ്പോള്‍ മൂടിവച്ച് പാചകം ചെയ്യാം. ബര്‍ണറുകള്‍ വൃത്തിയാക്കി വയ്ക്കാന്‍ ശ്രദ്ധിക്കുക. വൃത്തിഹീനമായ ബര്‍ണറുകള്‍ ഗ്യാസ് അമിതമായി തീരാന്‍ കാരണമാകും. വലിയ പാത്രങ്ങള്‍ ഒഴിവാക്കി പാചകത്തിന് ചെറിയ പാത്രങ്ങള്‍ ഉപയോിക്കുക ചുവടു കട്ടിയുള്ള വലിയ പാത്രങ്ങളില്‍ പാചകം ചെയ്യാന്‍ കൂടുതല്‍ ചൂട് ആവശ്യമായി വരും.
ഫ്രിഡ്ജില്‍ നിന്നും എടുത്ത ഭക്ഷണം തണുപ്പ് മാറുന്നതു വരെ സാധാരണ താപനിലയില്‍ എത്തിച്ച ശേഷം മാത്രം അടുപ്പത്ത് വയ്ക്കുക. പാചകം തുടങ്ങുന്നതിന് മുമ്പ് സാധനങ്ങള്‍ എല്ലാം അരിഞ്ഞു വയ്ക്കുക. പെട്ടെന്ന് എടുക്കാന്‍ പാകത്തില്‍ സാധനങ്ങള്‍ വയ്ക്കുക. ഗ്യാസ് സിലിണ്ടറിന് ലീക്ക് ഇല്ലെന്ന് ഉറപ്പു വരുത്തുക. പാചകം ചെയ്ത ശേഷം സിലിണ്ടര്‍ ഓഫ് ചെയ്ത് ഇടാനും മറക്കരുത്.
Kerala
തിരുവനന്തപുരം: രാജ്യവ്യാപകമായി പാചകവാതക പ്രതിസന്ധി തുടരവേ, ഇന്നു മുതൽ എൽപിജി ബുക്കിംഗ് സംബന്ധിച്ച് ആശങ്കയുണ്ടാകില്ലെന്ന് ഉറപ്പ് നല്കി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ഗാർഹിക സിലിണ്ടറിൽ ആശങ്ക വേണ്ടെന്ന് പൊതുമേഖല എണ്ണക്കമ്പനികൾ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്റെ നിയന്ത്രണം വന്നപ്പോൾ കേരളത്തിൽ പാചകവാതക വിതരണത്തിൽ ബുദ്ധിമുട്ടുകൾ വന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉന്നത തലയോഗം വിളിച്ചു ചേർത്തുവെന്നും ജി.ആർ. അനിൽ അറിയിച്ചു.
ഗാർഹികേതര സിലിണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. ഇതിനായി മുൻഗണനാ പട്ടികകൾ തയാറാക്കും. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ ശക്തമായ നടപടി ഉണ്ടാകും. മണ്ണെണ്ണയുടെ വിഹിതം കൂട്ടുമെന്നും ഉടൻ ഇതുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് എല്‍പിജി ക്ഷാമം രൂക്ഷമാണ്. വാണിജ്യ സിലിണ്ടറുകള്‍ക്കു മാത്രമല്ല, ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകള്‍ക്കും കടുത്ത ക്ഷാമമാണ് നേരിടുന്നത്.
തിരുവനന്തപുരത്ത് ഒരാഴ്ച മുന്‍പ് ബുക്ക് ചെയ്ത സിലിണ്ടറുകള്‍ പോലും ഇതുവരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു ലഭിച്ചിട്ടില്ല. ഇനിയും ഒരാഴ്ചകൂടി കാത്തിരിക്കാനാണ് ഗ്യാസ് ഏജന്‍സിയില്‍നിന്നു ലഭിക്കുന്ന മറുപടി. നിലവില്‍ പല ഏജന്‍സികളും ബുക്കിംഗ് സ്വീകരിക്കുന്നതും നിര്‍ത്തിയിരിക്കുകയാണ്. എല്‍പിജി ക്ഷാമം കടുത്തതോടെ പല ഗ്യാസ് ഏജന്‍സികളിലും ബുക്കിംഗിനായി നല്‍കിയിരുന്ന ഫോണ്‍ നമ്പരുകൾ പ്രവര്‍ത്തന രഹിതമായി.
തിരുവനന്തപുരം നഗരത്തില്‍ വാണിജ്യ-ഗാര്‍ഹിക എല്‍പിജി ക്ഷാമം രൂക്ഷമായി തുടരുകയാണ്. ജില്ലയില്‍ പല ഹോട്ടലുകളും അടച്ചുകഴിഞ്ഞു. റസ്റ്റോറന്റുകളുടെ പുറത്ത് ‘ഗ്യാസ് ഇല്ലാത്തതിനാല്‍ താത്കാലികമായി അടച്ചിരിക്കുകയാണെ'ന്ന നോട്ടീസുകളും പതിച്ചിട്ടുണ്ട്. പല ഹോട്ടലുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഊണ് തയാറാക്കുന്നതിന് കൂടുതല്‍ ഇന്ധനം വേണമെന്നതിനാല്‍ ചില റസ്റ്ററന്റുകള്‍ ഊണ് കൊടുക്കുന്നില്ല.
ഒറ്റപ്പാത്രത്തില്‍ തയാറാക്കാവുന്ന ബിരിയാണി പോലുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനാണ് കടയുടമകള്‍ ശ്രമിക്കുന്നത്. പലയിടത്തും ലൈവ് കൗണ്ടറുകളും പ്രവര്‍ത്തനം നിര്‍ത്തി. ബേക്കറികളും പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. രാത്രികാല തട്ടുകടകളും വരുംദിവസങ്ങളില്‍ പ്രതിസന്ധിയിലായേക്കും.
Kerala
തൃശൂർ: ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യതക്കുറവുകാരണം ഏറ്റെടുത്ത കല്യാണസദ്യകൾപോലും മുടങ്ങുമെന്ന അവസ്ഥയാണെന്ന് ഓൾ കേരള കാറ്റേഴ്സ് അസോസിയേഷൻ (എകെസിഎ) ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇതുമൂലം സാമ്പത്തികനഷ്ടവും നിയമനടപടികളും നേരിടേണ്ട ഗതികേടിലാണ്. മേഖലയുമായി ബന്ധപ്പെട്ട ആയിരക്കണക്കിനു തൊഴിലാളികളുടെ തൊഴിലും ഉപജീവനവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിലവിൽ പുതിയ സദ്യകൾ ഏറ്റെടുക്കാൻ സാധിക്കുന്നില്ല. ഗ്യാസ് ലഭിക്കാത്ത അവസ്ഥ തുടരുകയാണെങ്കിൽ സ്ഥാപനങ്ങൾക്കു പ്രവർത്തനം നിർത്തിവയ്ക്കേണ്ടിവരും.
സംസ്ഥാനത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണം അടിയന്തരമായി ഉറപ്പാക്കി കാറ്ററിംഗ് മേഖലയെ പ്രതിസന്ധിയിൽനിന്നു രക്ഷപ്പെടുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളും ബന്ധപ്പെട്ട എണ്ണക്കമ്പനികളും ഉടൻ ഇടപെടണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കു നിവേദനം കൊടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ബാലൻ കല്യാണീസ്, പ്രസിഡന്റ് പി.എം. ഷമീർ, ട്രഷറർ അബ്ദുൾ അസീസ്, പി.എ. പോൾസൺ, യു. സുരേഷ് എന്നിവർ പങ്കെടുത്തു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യം നേരിടുന്ന എൽപിജി പ്രതിസന്ധിയിൽ പാത്രം കൊട്ടി വനിതാ എംപിമാരുടെ പ്രതിഷേധം.
ഇന്നലെ ഉച്ചയ്ക്കുശേഷം തൃണമൂൽ എംപിമാരാണ് പാത്രങ്ങളുമായി ലോക്സഭയിൽ എത്തിയത്. ഉപധനാഭ്യർഥന ചർച്ചയിൽ ബിജെപി അംഗം ജഗദാംബിക പാൽ സർക്കാരിനെ പ്രശംസിച്ചു സംസാരിക്കുന്നതിനിടെയിലായിരുന്നു പാത്രം കൊട്ടിയുള്ള പ്രതിഷേധം. സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ കേന്ദ്രസർക്കാരിനെതിരേ മുദ്രാവാക്യങ്ങൾ മുഴക്കി.
ഇത്തരത്തിലുള്ള പ്രതിഷേധം സഭയുടെ അന്തസിനു ചേർന്നതല്ലെന്നും ബെഞ്ചിലേക്കു മടങ്ങിപ്പോകണമെന്നും ചെയറിലുണ്ടായിരുന്ന സന്ധ്യാറായ് ആവശ്യപ്പെട്ടെങ്കിലും അംഗങ്ങൾ തയാറായില്ല. സമാനമായി പാർലമെന്റിനു പുറത്തും പ്രതിപക്ഷ എംപിമാർ എൽപിജി വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരേ പ്രതിഷേധിച്ചു.
രാവിലെ സഭാ നടപടികൾ ആരംഭിക്കുന്നതിനുമുന്പ് പ്രധാന കവാടത്തിൽ ഒത്തുചേർന്ന എംപിമാർ കേന്ദ്രസർക്കാരിനെതിരേ പോസ്റ്ററുകൾ ഉയർത്തിയും മുദ്രാവാക്യങ്ങൾ വിളിച്ചും പ്രതിഷേധിച്ചു.
പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള വനിതാ നേതാക്കൾ പാർലമെന്റിനു മുന്നിൽ പ്രതീകാത്മക അടുപ്പ് ഉണ്ടാക്കിയാണു പ്രതിഷേധിച്ചത്.
Kerala
കൊച്ചി: വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമത്തെ തുടര്‍ന്ന് കൊച്ചിയില്‍ കൂടുതല്‍ ഹോട്ടലുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. നിലവിലുള്ള സ്റ്റോക്ക് തീര്‍ന്ന സാഹചര്യത്തിലും ബദല്‍ മാര്‍ഗം ഒരുക്കാന്‍ കഴിയാത്തതിനാലുമാണ് സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുന്നത്.
പ്രതിസന്ധി രൂക്ഷമായിട്ടും എത്ര ദിവസം വിതരണം മുടങ്ങുമെന്നോ, മുടങ്ങിയാല്‍ പകരം പോംവഴി എന്താണെന്ന് തുടങ്ങി യാതൊരു ഔദ്യോഗിക നിര്‍ദേശവും ഉപയോക്താക്കള്‍ക്ക് ലഭിച്ചിട്ടില്ല. ബേക്കറികളുടെ പ്രവര്‍ത്തനവും താളം തെറ്റിയ നിലയിലാണ്.
സമയം കുറച്ചു; ഓണ്‍ലൈന്‍ ഭക്ഷണ വിതരണവും അവതാളത്തില്‍
നഗരങ്ങളിലെ പകുതിയോളം ഭക്ഷണശാലകളിലും വിറക് അടുപ്പില്ല. ഗ്യാസിലാണ് പൂര്‍ണമായും പ്രവര്‍ത്തിക്കുന്നത്. ഇവര്‍ വലിയ ഇന്‍ഡക്ഷന്‍ കുക്കറുകളിലേക്കും ഇലക്ട്രിക് ഓവനുകളിലേക്കും മാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചെറിയ ഭക്ഷണശാലകളില്‍ മാത്രമാണ് പ്രായോഗികമാകുന്നത്. അതിനിടെ നഗരത്തിലെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ പ്രവര്‍ത്തനം സമയം കുറച്ചു.
കൂടുതല്‍ ഗ്യാസ് ഉപയോഗിക്കേണ്ടി വരുന്ന വിഭവങ്ങളും മെനുവില്‍ നിന്ന് ഒഴിവാക്കി. സ്വകാര്യ ഹോസ്റ്റലുകളിലെ മെസുകളുടെ പ്രവര്‍ത്തനവും അവതാളത്തിലായി. കേറ്ററിംഗ് സ്ഥാപനങ്ങൾ നിലവിലുള്ള കരാറുകള്‍ക്ക് പുറമേയുള്ളവ ഒഴിവാക്കി തുടങ്ങി. ഓണ്‍ലൈന്‍ ഭക്ഷണ വിതരണവും പ്രതിസന്ധിയിലായേതോടെ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികളും ആശങ്കയലാണ്.
വില വര്‍ധിച്ചേക്കും
പ്രതിസന്ധികള്‍ക്കിടെ വരുംദിവസങ്ങളില്‍ വിഭവങ്ങളുടെ വിലയും വര്‍ധിച്ചേക്കാമെന്ന മുന്നറിയിപ്പുമുണ്ട്. ഹോട്ടല്‍ മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധി പച്ചക്കറി, മാംസ വ്യാപാര രംഗത്തേക്കും പടരും. ചെറുകിട ബേക്കറികളുംഅടച്ചുപൂട്ടേണ്ടി വരുമെന്ന് ബേക്കേഴ്സ് അസോസിയേഷന് കേരള ഭാരവാഹികള്‍ പറഞ്ഞു. പാചകവാതകക്ഷാമംമൂലം ഇവര്‍ ഉല്‍പ്പാദനം കുറച്ചു. ചില സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചു.
വില കൂട്ടി കരിഞ്ചന്തയില്‍ വില്‍പ്പന
ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് നിയന്ത്രണമുണ്ടെങ്കിലും കരിഞ്ചന്തയില്‍ സുലഭമാണ്. ഇരട്ടിയോളം വില നല്‍കേണ്ടിവരുന്നതായി അതിഥിത്തൊഴിലാളികള്‍ പറയുന്നു. ഇവര്‍ ഉപയോഗിക്കുന്ന ചെറിയ സിലിണ്ടറുകള്‍ (അഞ്ച് കിലോ) ലഭിക്കാത്തതിനാലാണ് കരിഞ്ചന്തയില്‍നിന്ന് വാങ്ങേണ്ടിവരുന്നത്.
National
ന്യൂഡൽഹി: രാജ്യം വലിയ തോതിൽ എൽപിജി പ്രതിസന്ധി നേരിടുന്നുവെന്നും വിഷയത്തിൽ കേന്ദ്രം മൗനം പാലിക്കുകയാണെന്നും കെ.സി. വേണുഗോപാൽ എംപി.
വിഷയം പാർലമെന്റ് നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും പാർലമെന്റിന് അകത്തും പുറത്തും ഇന്ത്യാ സഖ്യം പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി പാചകവാതക പ്രതിസന്ധി രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഗാര്‍ഹിക ഉപഭോക്താക്കളെയും ഹോട്ടലുകളെയും പാചകവാതക പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
സിലിണ്ടറുകൾ കിട്ടാതായതോടെ രാജ്യത്ത് ഹോട്ടലുകൾ പലതും അടച്ചുതുടങ്ങി. കേരളത്തിൽ ഇന്നലെ 20 ശതമാനം ഹോട്ടലുകൾ അടച്ചെന്നാണ് കണക്ക്. ഇന്നും കൂടുതൽ ഹോട്ടലുകൾ അടച്ചു. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ മുടങ്ങില്ലെന്ന് ആവർത്തിക്കുന്ന കേന്ദ്ര സർക്കാർ വാണിജ്യ എൽപിജിയുടെ കാര്യത്തിൽ ഒറപ്പുകളൊന്നും നൽകുന്നില്ല.
ബംഗളൂരു, ചെന്നൈ അടക്കം നഗരങ്ങളിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികൾ എല്ലാം വാണിജ്യ സിലിണ്ടർ വിതരണം നിർത്തിവച്ചിരിക്കുകയാണ്.
ആന്ധ്രയിൽ ഹോട്ടലുകൾ സ്വിഗ്ഗി, സോമാറ്റോ ഓർഡറുകൾക്കുള്ള ഇളവ് നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തിങ്കളാഴ്ചകളിൽ ഹോട്ടലുകൾ അടച്ചിടും. പ്രതിസന്ധി തുടർന്നാൽ ഓൺലൈൻ ഭക്ഷണ ആപ്പുകളോട് ‘നോ' പറയാനാണ് ഹോട്ടലുകളുടെ തീരുമാനം.
തെക്കൻ ഡൽഹിയിലെ പല റസ്റ്റോറന്റുകളും പാചകവാതക ക്ഷാമത്തെതുടർന്ന് ഇതിനകം അടച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടിലും പാചകവാതക സിലിൻഡറുകൾക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. ചായക്കടകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, കല്യാണ മണ്ഡപങ്ങളുടെ പ്രവർത്തനം എന്നിവ പ്രതിസന്ധിയിലായിരിക്കുകയാണ്.
Editorial
യുദ്ധം മനുഷ്യരെ പിന്നോട്ടടിക്കുമെന്നു പറയുന്നത് വെറുതെയല്ലെന്ന് പാചകവാതകം തീരുമോയെന്നു പേടിച്ചു വിറകു പെറുക്കാൻ ഇറങ്ങിയവർക്കു തോന്നുന്നുണ്ട്. വിറകടുപ്പില്ലാത്തവർക്കോ, പാചകക്കുറ്റി തീർന്നാൽ കിട്ടുമോയെന്ന ആധി.
വിതരണത്തിലെ തടസം താത്കാലികമാണെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, താത്കാലികമാണെങ്കിലും സംഗതി യാഥാർഥ്യമായി. വിതരണകേന്ദ്രങ്ങളിൽ നീണ്ട നിരയാണ്. തടിമില്ലുകളിലെ വിറകുവിൽപനയും വർധിച്ചു. ഇന്നലെത്തന്നെ നിരവധി ഹോട്ടലുകൾ അടച്ചു.
ട്രെയിനുകളിലെ ഭക്ഷണവിതരണം താത്കാലികമായി നിർത്തിവയ്ക്കാൻ റെയിൽവേ നിർദേശം നൽകിയെന്നാണ് വാർത്തകൾ. അടുത്തത് വീടുകളാകുമോ എന്ന ഭീതി നിസാരമല്ല. ഇന്ധനക്ഷാമം ഇല്ലെന്ന് പറഞ്ഞവർതന്നെ പൊടുന്നനെ പാചകവാതകത്തിനു വില കൂട്ടിയത് ദുഃസൂചനയായി.
അന്തർദേശീയ വിലയിടിവിലെ ലാഭം ജനങ്ങൾക്കു കൊടുക്കാതെ പങ്കിട്ടെടുത്ത സർക്കാരും പൊതുമേഖല-സ്വകാര്യ എണ്ണക്കന്പനികളും നഷ്ടം കൃത്യമായി ജനങ്ങളുടെ ചുമലിലേക്കു വച്ചുകൊടുത്തു. പാചകവാതക വിലവർധനയിലൂടെ വരുമാനമുയർത്തി, പെട്രോൾ-ഡീസൽ വില പിടിച്ചുനിർത്താനായിരിക്കാം ശ്രമം. അതെന്തായാലും, യുദ്ധത്തിനൊപ്പം സർക്കാർ നടപടികളും ആശങ്ക വർധിപ്പിക്കുന്നതാകരുത്.
അവശ്യസാധനങ്ങൾ പൂഴ്ത്തിവയ്ക്കുന്നതും അമിതവില ഈടാക്കുന്നതും തടയുന്ന എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞിരുന്നു. പാചകവാതക ഉത്പാദനം വർധിപ്പിക്കാൻ എണ്ണശുദ്ധീകരണശാലകൾക്കു നിർദേശം നൽകുകയും ചെയ്തു.
പക്ഷേ, അതിനിടെ ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയും ഒറ്റയടിക്കു വർധിപ്പിക്കുകയും ചെയ്തു. റഷ്യയിൽനിന്ന് വില കുറച്ച് അസംസ്കൃത എണ്ണ വാങ്ങിയതും കരുതൽ ശേഖരം ഉണ്ടാക്കിയതും, ആഗോളവിപണിക്കനുസരിച്ച് വില കുറയ്ക്കാതിരുന്ന് എണ്ണക്കന്പനികൾക്കു വരുമാനം വർധിപ്പിക്കാൻ അവസരമുണ്ടാക്കിയതും പ്രതിസന്ധിഘട്ടങ്ങളിൽ വില വർധിപ്പിക്കാതിരിക്കാൻ സഹായകമായി.
പാചകവാതകവില വർധിപ്പിച്ചെങ്കിലും, വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളെ ബാധിക്കാതിരിക്കാനും വിലക്കയറ്റം രൂക്ഷമാകാതിരിക്കാനും പെട്രോൾ, ഡീസൽ വില ഉയർത്താനിടയില്ല. ഉയർന്ന നിലയിലുള്ള നികുതി കുറച്ചും ഇന്ധനവില പിടിച്ചുനിർത്താനാകും. കരിന്പിൽനിന്നും ധാന്യങ്ങളിൽനിന്നും ഉത്പാദിപ്പിക്കുന്ന എഥനോൾ പെട്രോളിൽ ചേർക്കുന്നതിന്റെ അളവ് അടുത്ത മാസം മുതൽ 20 ശതമാനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇതു പെട്രോളിയം ഉത്പന്നങ്ങളിലുള്ള ആശ്രിതത്വം കുറയ്ക്കും. പക്ഷേ, 2023നു മുന്‍പു നിർമിക്കപ്പെട്ട വാഹനങ്ങൾ എഥനോളിനുവേണ്ടി നിർമിക്കപ്പെട്ടതല്ലാത്തതിനാൽ മൈലേജിനെ ബാധിക്കും. എൻജിൻ കേടാകാതിരിക്കാൻ, എഥനോൾ ചേർക്കുന്നതിൽ മാനദണ്ഡങ്ങളുണ്ടെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
പാചകവാതകക്ഷാമം മൂലം പല ഹോട്ടലുകളും അടച്ചു. ഉച്ചഭക്ഷണമില്ലെന്ന് ഇന്നലെ രാവിലെതന്നെ പല ഹോട്ടലുകളും അറിയിപ്പു നൽകിയിരുന്നു. ഓഫീസ്, വ്യാപാര, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഉൾപ്പെടെ ഇതു ബാധിച്ചിട്ടുണ്ട്.
പരിശ്രമിക്കുന്നുണ്ടെങ്കിലും യുദ്ധത്തിന്റെ അനിശ്ചിതാവസ്ഥയും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസവും മൂലം സമയബന്ധിതമായ പരിഹാരം ഉറപ്പാക്കാൻ സർക്കാരിനാകില്ല. അൾജീരിയ, ഓസ്ട്രേലിയ, കാനഡ, നോർവേ തുടങ്ങിയ രാജ്യങ്ങളെ പാചകവാതകത്തിനായി സർക്കാർ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വാർത്ത.
പക്ഷേ, കാത്തിരിക്കാനാകില്ല. പാചകവാതകത്തിന്റെ ഉപയോഗത്തിൽ മിതത്വം പാലിക്കണം. വിറകടുപ്പ് ഉള്ളവർക്ക് ചെറിയൊരാശ്വാസമുണ്ട്. പാചകത്തിനുള്ള സാധനങ്ങൾ ഒരുക്കിയതിനുശേഷം മാത്രം സ്റ്റൗ കത്തിക്കുക, പ്രഷർകുക്കർ ഉപയോഗിക്കുക, അടുപ്പത്തുള്ള പാത്രം മൂടിവയ്ക്കുക, ഫ്രിഡ്ജിൽനിന്നെടുക്കുന്നവ തണുപ്പു മാറിയതിനുശേഷം അടുപ്പത്തു വയ്ക്കുക, വേവിക്കാൻ ആവശ്യത്തിനു മാത്രം വെള്ളം ഉപയോഗിക്കുക, തിളച്ചാലുടനെ തീ കുറയ്ക്കുക, പാചകം കഴിഞ്ഞാലുടനെ സ്റ്റൗ അണയ്ക്കുക... തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് യുദ്ധകാലത്തും അല്ലാത്തപ്പോഴും ഇന്ധനലാഭത്തിന് സഹായകമാണ്.
ഹോർമുസിൽ മൈനുകൾ നിക്ഷേപിക്കുന്ന ഇറാന്റെ 16 കപ്പലുകൾ തകർത്തെന്നാണ് അമേരിക്ക പറഞ്ഞത്. സ്ഥാപിച്ച മൈനുകൾ നീക്കിയില്ലെങ്കിൽ ക്രൂര ആക്രമണമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഏതായാലും യുദ്ധം ഹോർമുസിലേക്കു കേന്ദ്രീകരിച്ചിരിക്കുകയാണ്.
ഇറാന്റെ ഏറ്റവും വലിയ യുദ്ധോപകരണം ഹോർമുസ് കടലിടുക്കാണ്. ആഗോള എണ്ണക്കച്ചവടത്തിന്റെ 20 ശതമാനവും അതിലൂടെയാണ്. അവർക്കറിയാം എണ്ണയ്ക്കു തടസമുണ്ടായില്ലെങ്കിൽ, ലോകം യുദ്ധപരിഹാരത്തിന് ഇടപെടില്ലെന്ന്.
ഇപ്പോൾ അത് എല്ലാവരുടെയും ആവശ്യമായി; വീട്ടിൽ അടുപ്പ് പുകയേണ്ടതുപോലെയുള്ള ആവശ്യം. യുദ്ധം തീരുന്നത് നല്ലതാണ്. പക്ഷേ, അതിനുമുന്‍പ് പാചകവാതകം തീരുന്നത് നല്ലതല്ല. കരുതലോടെ ഉപയോഗിക്കുക. നിങ്ങൾ ഏതു പക്ഷത്താണെന്നതല്ല ഇപ്പോഴത്തെ പ്രശ്നം, ഇത്തിരി തീയുണ്ടോ കഞ്ഞിവയ്ക്കാൻ എന്നതു മാത്രമാണ്. യുദ്ധം ഇനിയും വായിക്കപ്പെടാത്ത ഒരു പാഠപുസ്തകമാണ്.